കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികളില്‍ വനം ഉദ്യോഗസ്ഥനു പകരം അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രീ കമ്മിറ്റിയില്‍ വനം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററെ തന്നെ വീണ്ടും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി കെ. സതീഷ്കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി. എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അസി. എന്‍ജിനിയര്‍മാര്‍ക്ക് മരങ്ങളുടെ ഇനവും സ്വഭാവവും മൂല്യവും ആയുസുമൊന്നും കണക്കാക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിവേചനരഹിതമായി മരം മുറിച്ചുമാറ്റല്‍ തടയാന്‍ പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങളുടെ സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിക്കണമെന്ന് 2010 ഫെബ്രുവരി 10ന് വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു.